മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ നിലവിളി കേട്ടാണ് അമ്മ ഓടിയെത്തിയത്.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ നിലവിളി കേട്ടാണ് അമ്മ ഓടിയെത്തിയത്. നോക്കിയപ്പോള്‍ ഒരു കുടത്തില്‍ കുഞ്ഞിന്റെ കൈ പെട്ടിരിക്കുകയാണ്. അവന്‍ കൈ വലിച്ചു പുറത്തേക്കെടുക്കാന്‍ നോക്കുമ്പോഴെല്ലാം അവന്റെ കുഞ്ഞിക്കൈ വേദനിക്കും. അപ്പോഴാണ് അവന്‍ കരയുന്നത്. കുറച്ച് നേരം കുടം നിരിക്ഷിച്ച ശേഷം അമ്മ ആ കുഞ്ഞിനോട് കൈയായൊന്ന് നിവര്‍ത്തിയിട്ട് ഒതുക്കിപ്പിടിച്ച് വലിച്ചെടുക്കാന്‍ പറഞ്ഞു. എങ്ങിനെ ചെയ്യണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. അവര്‍ ഉടനെ പറഞ്ഞു: കൈ നിര്‍ത്താന്‍ പറ്റില്ല. എന്റെ കൈയ്യില്‍ ചോക്കലേറ്റ് ഉണ്ട് അത് കുടത്തില്‍ വീണ് പോകും...! നമ്മുടെയൊക്കെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാലും ഇതുപോലെയുള്ള കാര്യങ്ങള്‍ നമുക്ക് കാണാനാകും. ചെറിയ കാര്യങ്ങളോടുള്ള ആസക്തി വലിയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള പ്രയത്‌നങ്ങള്‍പോലും അസാധുവാക്കും. ചോക്ലേറ്റിനു രൂപമാറ്റം വന്ന ദുശ്ശീലങ്ങളും പിടിവാശികളുമാണ് പലരുടേയും വിജയയാത്രകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നത്. പലപ്പോഴും പരാജിതരുടെ സുവിശേഷങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അവരാരും തട്ടിവീണത് വലിയ പാറക്കെട്ടുകളിലല്ല,. തീര്‍ത്തും അവഗണിച്ച ചെറിയ ഉരുളന്‍ കല്ലുകളിലാണെന്ന്! ഓരോ ഉദ്യമത്തിന് മുമ്പും പിമ്പും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. തുടങ്ങേണ്ടതെന്തൊക്കെ, തിരുത്തേണ്ടതെന്തൊക്കെ.. തുടക്കം എങ്ങനെയാകണമെന്ന് അതേ മേഖലയിലെ മുന്‍ഗാമികളോട് ചോദിക്കാം. പക്ഷേ, തിരുത്തേണ്ടത് എന്തൊക്കെയാണെന്ന ചോദ്യം സ്വയം ചോദിക്കണം. വേണ്ടാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ തന്നെ സ്വയം വന്നുചേരുന്ന ചില പുതിയ കാര്യങ്ങളുണ്ട്. കുരുക്കിലകപ്പെടുന്നവര്‍ക്ക് രണ്ടു സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ ആ കുരുക്കില്‍ തന്നെ അവസാനിക്കുക, അല്ലെങ്കില്‍ എന്തു വിലകൊടുത്തും ആ കുരുക്കില്‍ നിന്നും രക്ഷപ്പെടുക.. എല്ലാ രക്ഷപ്പെടലുകളും ചില മുറിപ്പാടുകള്‍ അവശേഷിപ്പിക്കും. എന്നാലും അത്തരം മുറിവുകളെ നാം അംഗീകരിച്ചേ മതിയാകൂ. എന്നാല്‍ രക്ഷപ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന മുറിവുകളെ പേടിച്ച് അവിടെ തന്നെ തുടര്‍ന്നാല്‍ ആത്മനാശമായിരിക്കും ഫലം. ദുശ്ശീലങ്ങളെ ഉപേക്ഷിക്കാനൊരിടവും കാരണവും ആവശ്യമാണ്. പിന്നീടൊരിക്കല്‍ ആ കുരുക്കും കാരണങ്ങളും തന്നെ നമ്മുടെ വളര്‍ച്ചയ്ക്ക് വെളിച്ചമേകുന്നത് നമുക്ക് അനുഭവിക്കാന്‍ സാധിക്കും.